ലോകകപ്പ്; സഞ്ജുവിന്റെ പ്രതീക്ഷയും തീര്‍ന്നു,അശ്വിന്‍ പ്രതീക്ഷയില്‍

0
56

മുംബൈ: ലോകകപ്പ് ക്രിക്കറ്റിനായി ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന ദിനത്തിനു രണ്ട് ദിവസം ശേഷിക്കെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ പ്രതീക്ഷയില്‍. നിലവില്‍ 15 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ടീമില്‍ എന്തെങ്കിലും മാറ്റം വരുത്താനുള്ള അവസാന ദിനം ഈ മാസം 28 വരെയാണ്. അതിനുള്ളില്‍ 15 അംഗ സംഘത്തെ ഉറപ്പിക്കണം. 

ഇന്ത്യ പ്രഖ്യാപിച്ച ലോകകപ്പ് ടീമില്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലുമുണ്ട്. എന്നാല്‍ പരിക്കേറ്റ് അക്ഷര്‍ പട്ടേല്‍ പുറത്തു നില്‍ക്കുകയാണ്. താരത്തിന്റെ ലോകകപ്പ് സാന്നിധ്യവും ഇതോടെ അനിശ്ചിതത്വത്തിലാണ്.  

നിലവില്‍ അക്ഷര്‍ ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലുണ്ട്. താരത്തിനു ഫിറ്റ്‌നെസ് തെളിയിച്ചാല്‍ മാത്രമേ ലോകകപ്പ് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയുള്ളു. അക്ഷര്‍ പുറത്തായാല്‍ അശ്വിന്‍ ടീമിലെത്തിയേക്കും.

ഇതിന്റെ ഭാഗമായാണ് അശ്വിനെ ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയത്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അശ്വിന്‍ ഏകദിനം കളിച്ചതും. ഓസീസിനെതിരെ മികച്ച രീതിയില്‍ പന്തെറിയാനും വെറ്റന്‍ സ്പിന്നര്‍ക്ക് സാധിച്ചു.

സൂര്യകുമാര്‍ യാദവ് മിന്നും ഫോമിലായതോടെ മലയാളി താരം സഞ്ജു സാംസന്റെ ലോകകപ്പ് ടീമിലെത്താനുള്ള അവസാന പ്രതീക്ഷയും അസ്തമിച്ചു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര സൂര്യകുമാറിനെ സംബന്ധിച്ചു അതി നിര്‍ണായകമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഉജ്ജ്വലമായി ബാറ്റു വീശി താരം വിശ്വാസം കാത്തതോടെ ആ ആശങ്കയും ഇന്ത്യക്കു നീങ്ങിക്കിട്ടി.

ഇന്ത്യയുടെ ലോകകപ്പ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍/ അക്ഷര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്.