നിയമനക്കോഴ ഇടപാടിലെ അഖിൽ സജീവിനെതിരെ കോഴിക്കോടും കേസ്; ഇന്റീരിയർ സ്ഥാപനം നടത്തി നിരവധി പേരിൽ നിന്നും പണം തട്ടി

0
54

നിയമനക്കോഴ ഇടപാടിൽ ഇടനിലക്കാരൻ എന്ന് ആരോപിക്കുന്ന അഖിൽ സജീവിനെതിരെ കോഴിക്കോട് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലും പരാതി. ഇൻസൈഡ് ഇന്റീരിയർ എന്ന സ്ഥാപനം നടത്തി പല ആളുകളിൽ നിന്നും പണം തട്ടിയെടുത്തെന്നാണ് കേസ്‌. കഴിഞ്ഞ മാർച്ചിലാണ് അഖിൽ സജീവനും പാർട്ണർമാരും ചേർന്ന് കുന്ദമംഗലത്ത് ഈ സ്ഥാപനം തുടങ്ങിയത്.

സ്ഥാപനത്തില്‍ പ്ലംബിങ്, പ്ലൈവുഡ്, ഇലക്ട്രിക്കൽ തുടങ്ങിയ ജോലികൾ ചെയ്തവർക്ക് പണം നൽകിയിട്ടില്ല. ഇതോടൊപ്പം കെട്ടിടത്തിന്റെ ഉടമസ്ഥന് അഡ്വാൻസ് തുക മുഴുവനായി നൽകിയില്ലെന്നും, എൺപതിനായിരം രൂപയുടെ ചെക്ക് മടങ്ങിയെന്നും കെട്ടിടം വാടയ്ക്കെടുത്ത് നൽകിയവർ പറഞ്ഞു. വാടക കരാർ തന്റെ പേരിൽ വേണ്ടെന്നും പകരം സുഹൃത്ത് അഡ്വ.ലെനിൻ രാജിന്റെ പേരിൽ മതിയെന്നും അഖിൽ സജീവ് കെട്ടിടമുടമയെ അറിയിച്ചിരുന്നു. തുടർന്ന് കരാർ തയ്യാറാക്കിയെങ്കിലും ആരും ഒപ്പിട്ടില്ല.

വീടിന്റെ ഇന്റീരിയർ വർക്ക് ചെയ്യാമെന്ന് വാഗ്ദാനം നൽകി ഒരാളിൽ നിന്ന് 90,000 രൂപ വാങ്ങിയിട്ടും പണി നടത്തിയില്ലെന്ന മറ്റൊരു പരാതിയുമുണ്ട്. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഷോപ്പ് ആരംഭിക്കുന്നതിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ല. ഇൻസൈഡ് ഇന്റീരിയറിനും അഖിൽ സജീവിനുമെതിരെ പത്തിൽ കൂടുതൽ പരാതികളുണ്ടായിരുന്നു. പിന്നീട് അഡ്വ. ലെനിനിന്റെ മധ്യസ്ഥതയിൽ ഇതെല്ലാം ഒത്തുതീർപ്പാക്കുകയായിരുന്നു.

ഇനിയും പലർക്കും പണം ലഭിക്കാനുണ്ടെങ്കിലും ഇവരുടെ കയ്യിൽ രേഖകൾ ഇല്ലാത്തതിനാൽ പൊലീസ് കേസ്സെടുത്തിട്ടില്ല. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് വരാമെന്നേറ്റ പ്രമുഖ നടി പണം നൽകാത്തതിനെ തുടർന്ന് വന്നില്ല. ഒടുവിൽ സ്ഥാപനം തുടങ്ങി പതിനഞ്ച് ദിവസത്തിന് ശേഷം അടച്ചുപൂട്ടുകയായിരുന്നു.