എകെജി സെന്ററിലും സിഐടിയു ഓഫീസിലും പൊതുദര്‍ശനം; ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്

0
34

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട്. 11 മണി മുതല്‍ എകെജി സെന്ററിലും പിന്നീട് സിഐടിയു ഓഫീസിലും പൊതുദര്‍ശനം ഉണ്ടാകും.

ഇന്നലെ വൈകുന്നേരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ആനത്തലവട്ടം. 

ആശുപത്രിയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് നേതാക്കളും ആനത്തലവട്ടം ആനന്ദന് അന്തിമോപാചരം അര്‍പ്പിച്ചു. അതിന് ശേഷം മൃതദേഹം ചിറയിൻകീഴിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 11 മണിക്ക് ഭൗതിക ശരീരം എകെജി സെൻററില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവരും.

സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൂന്ന് മണിക്കും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ച് മണിക്ക് ശാന്തികവാടത്തിലാണ് സംസ്കാരം. അതിന് ശേഷം മേട്ടുക്കടയില്‍ അനുശോചന യോഗം ചേരുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും അനുശോചന യോഗത്തില്‍ പങ്കെടുക്കും.

1937 ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്ബോള്‍ തന്നെ പൊതുപ്രവര്‍ത്തനം തുടങ്ങിയിരുന്നു.

കയര്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 1957-ല്‍ ട്രാവൻകൂര്‍ കയര്‍ തൊഴിലാളി യൂണിയൻ നിര്‍വാഹക സമിതി അംഗമായി. 1960 മുതല്‍ 71-വരെ ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂണിയൻ ജനറല്‍ സെക്രട്ടറിയായി. 1971 മുതല്‍ കേരള കയര്‍ വര്‍ക്കേഴ്സ് സെന്‍റര്‍ (സിഐടിയു) ഭാരവാഹിയാണ് ആനന്ദൻ.

സിപിഎമ്മില്‍ ബ്രാഞ്ച് സെക്രട്ടറി, ചിറയിൻകീഴ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും ആനത്തലവട്ടം ആനന്ദൻ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971-ല്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി.

അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതല്‍ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ല്‍ കാവിയാട് ദിവാകര പണിക്കരെ തോല്‍പ്പിച്ച്‌ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തി.

1996-ല്‍ വക്കം പുരുഷോത്തമനെ 1016 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച്‌ വീണ്ടും ആറ്റിങ്ങലിൻ്റെ ജനപ്രതിനിധിയായി. 2006-ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 11208 വോട്ടുകള്‍ക്ക് സി മോഹനചന്ദ്രനെ തോല്‍പ്പിച്ച്‌ വീണ്ടും നിയമസഭയിലെത്തി.