ഗാസയില്‍ വൈദ്യുത ബന്ധം വിച്ഛേദിച്ചു; ജീവന്‍ രക്ഷിക്കാന്‍ പ്രദേശം വിട്ടുപോകാന്‍ മുന്നറിയിപ്പ്; വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍

0
48

ടെല്‍ അവീവ്: ഇസ്രയേലിലെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. 1500ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹമാസിനുനേരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 232 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 1790 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു.

നുഴഞ്ഞുകയറിയവര പൂര്‍ണമായി കീഴടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലി സൈനിക കമാന്‍ ഉള്‍പ്പടെ സൈനികരെയും നാട്ടുകാരെയും ഹമാസ് ബന്ദികളാക്കി.

എല്ലാ പ്രതിരോധങ്ങളും മറികടന്നാണ് കരമാര്‍ഗവും കടല്‍മാര്‍ഗവും ഹമാസ് സേന ഇസ്രയേലിലേക്ക് ഇരച്ചുകയറിയത്. അത് മുന്‍കൂട്ടി അറിയുന്നതില്‍ സാരമായ വീഴ്ച ഇസ്രയേലിന്റെ രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്ക് സംഭവിച്ചു. അതീവസുരക്ഷ ഉറപ്പാക്കുന്ന കമ്പിവേലികള്‍ ഏറെ മുന്പുതന്നെ ഇസ്രയേല്‍ ഗാസ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്നു. പഴുതുകളില്ലാതെ ആഴത്തില്‍ ഉറപ്പിച്ച ഈ കമ്പിവേലികളില്‍ സൂക്ഷ്മനിരീക്ഷണത്തിനായി ക്യാമറകളും സ്ഥാപിച്ചിരുന്നു. എന്നാല്‍, ബുള്‍ഡോസര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് വേലികള്‍ നിഷ്പ്രയാസം തകര്‍ത്താണ് ഹമാസ് അക്രമം അഴിച്ചുവിട്ടത്. 
പ്രത്യാക്രമണത്തില്‍ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയിലെ വൈദ്യുതി ബന്ധം ഇസ്രയേല്‍ സൈന്യം വിച്ഛേദിച്ചു. ഇന്ധനം, മറ്റ് സാധനങ്ങള്‍ എന്നിവയുടെ വിതരണം ഇസ്രായേല്‍ നിര്‍ത്തിവച്ചു

പലയിടങ്ങളിലും ഇസ്രയേല്‍ സൈന്യവും ഹമാസും ഇപ്പോഴും കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. നുഴഞ്ഞുകയറിയ ഹമാസിന്റെ ആളുകള്‍ ഇസ്രയേലികളെ വ്യാപകമായി ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇവരില്‍ പലരെയും ഹമാസിന്റെ ആളുകള്‍ ഗാസയിലേക്ക് കടത്തിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ഹമാസിന്റെ ആയുധധാരികളായ പോരാളികള്‍ ഇസ്രയേല്‍ സൈനികരെയും സാധാരണക്കാരായ പൗരന്‍മാരെയും പിടിച്ചെടുത്ത സൈനിക വാഹനങ്ങളിലും ബൈക്കുകളിലും കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

ഗാസയില്‍വച്ച് കൊലപ്പെടുത്തിയ ഇസ്രയേല്‍ സൈനികന്റെ മൃതദേഹത്തോട് അക്രമികള്‍ ക്രൂരമായി അനാദരവ് കാട്ടുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.പോരാട്ടം കനത്തതോടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കി. ന്യൂഡല്‍ഹിയില്‍നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.