കാണാതായ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മധുരയിൽ; ‘വ്യാജ പരാതിയും സിപിഎം ഭീഷണിയും വേദനിപ്പിച്ചു’; സുബൈറിന്റെ ഫോൺ സംഭാഷണം പുറത്ത്

0
74

പാലക്കാട്: കാണാതായ നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലി മധുരയിലുണ്ടെന്ന് കണ്ടെത്തി. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. നെന്മാറ പൊലീസ് മധുരയിലെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. 

അതിനിടെ സുബൈർ അലി ഫോണിൽ പഞ്ചായത്ത് അം​ഗം കൂടിയായ അമീർ ജാനോട് സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തു വന്നിരുന്നു. എല്ലാവരുടേയും മുമ്പിൽവെച്ച് സിപിഎം പഞ്ചായത്ത് അം​ഗങ്ങൾ ഷൗട്ട് ചെയ്തത് നാണക്കേട് ഉണ്ടാക്കിയതായി സുബൈർ അലി പറഞ്ഞു. താൻ ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. തനിക്കെതിരായ വ്യാജ പരാതിയും സിപിഎം ഭീഷണിയും വല്ലാതെ വേദനിപ്പിച്ചു എന്നും സുബൈർ അലി പറയുന്നു. 

‘ഞാനെന്താ ചെയ്യേണ്ടത് എന്ന് സുബൈർ അലി ചോദിക്കുന്നു. എന്തായാലും ഞങ്ങളൊക്കെ കൂടെയില്ലേ എന്ന് അമീർജാൻ ആശ്വസിപ്പിക്കുന്നുണ്ട്. ഞാനൊന്നും ചെയ്യാത്ത കാര്യത്തിനാണ് അവർ എന്റെ തലയിൽ കയറിയത്. നിങ്ങൾ എല്ലാവരും കണ്ടതല്ലേ.  സിപിഎം അം​ഗങ്ങൾ വന്ന് ബഹളം ഉണ്ടാക്കിയത്, എന്റെ ഓർമ്മയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. 

വീട്ടിലാണെങ്കിലും ഒത്തിരി പ്രശ്നങ്ങളുണ്ട്. അതിനിടയിലാണ് ഇത്. എനിക്കെതിരെ ജാതിപ്പേരു വിളിച്ചു എന്നുപറഞ്ഞ് കേസും കൊടുത്തിരിക്കുന്നു.  ഞാൻ‌ ആരെയും ജാതിപ്പേര് വിളിച്ചിട്ടില്ല. ഞാനെന്താ ചെയ്യേണ്ടത്. ഞാൻ ചെയ്യാത്ത കാര്യത്തിന് എന്തിനാണ് എന്നെ വേട്ടയാടുന്നതെന്നും’ സുബൈർ അലി ഫോൺ സംഭാഷണത്തിൽ ചോദിക്കുന്നുണ്ട്. 

സിപിഎം പാർട്ടിയല്ലേ, അവർ ഇങ്ങനെയൊക്കെ വേട്ടയാടിക്കൊണ്ടിരിക്കും. അതിനെല്ലാം ഇങ്ങനെ പേടിച്ച് പോകാനാകുമോയെന്ന് അമീർ ജാൻ ചോദിക്കുന്നു.  ‘പള്ളിയിൽ വന്ന് നിസ്കരിച്ചശേഷം ഉസ്താദിന്റെ കയ്യിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചു. അപ്പോൾ പ്രസിഡന്റാണ് പറഞ്ഞത് എന്റെ ഫോൺ ഒക്കെ റെക്കോഡ് ചെയ്യുന്നുണ്ടെന്ന്. ഞാൻ എഴുതിവെച്ച കത്ത് ആരോടും പറഞ്ഞിട്ടില്ലെന്നും’ സുബൈർ അലി പറയുന്നു. . 

എലവഞ്ചേരി സ്വദേശി സുബൈര്‍ അലിയെയാണ് കാണാതായത്. ഇന്നലെ രാവിലെ ഓഫിസിലെത്തിയ സുബൈര്‍ അലിയെ പിന്നീട് കാണാതാകുകയായിരുന്നു. സിപിഎം കൊല്ലങ്കോട് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് ഇദ്ദേഹം കത്തെഴുതി വച്ചിരുന്നു.സിപിഎം ഭീഷണിയെത്തുടർന്ന് അച്ഛൻ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് മകൻ പൊലീസിന് മൊഴി നൽകിയിരുന്നു.