ദിവ്യ എസ് അയ്യര്‍ വിഴിഞ്ഞം തുറമുഖ എംഡി;ഉദ്ഘാടനത്തിന് മുമ്പ് എംഡിയെ മാറ്റി

0
42

തിരുവനന്തപുരം:  പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എംഡിയായി നിയമിച്ചു. ആദ്യ കപ്പല്‍ എത്തി വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ഈ മാസം 15 ന് നടക്കാനിരിക്കെയാണ് പുതിയ എംഡിയുടെ നിയമനം. 

തുറമുഖ നിര്‍മ്മാണം അടക്കം ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഐഎഎസ് ഓഫീസര്‍ അദീല അബ്ദുള്ളയെയാണ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി മാറ്റിയത്. അദീലയ്ക്ക് ഒട്ടേറെ വകുപ്പുകളുടെ ചുമതലയുള്ളതിനാല്‍ വിഴിഞ്ഞത്തിന്റെ ചുമതലയില്‍ നിന്നും മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം. 

വിഴിഞ്ഞത്തില്‍ മാത്രം ചുമതല നല്‍കണമെന്നും മറ്റു അധിക ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്നും അദീല അബ്ദുള്ള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഴിഞ്ഞത്തിന്റെ ചുമതലയില്‍ നിന്നും നീക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നില്‍ക്കുന്ന ലത്തീന്‍ അതിരൂപതയെ തുറമുഖ ഉദ്ഘാടന ചടങ്ങുകളിലേക്ക് എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് അദീല അബ്ദുള്ളയെയാണ് നിയോഗിച്ചിരുന്നത്. ഇന്നലെ ഇറക്കിയ ക്ഷണപത്രത്തിലും ആര്‍ച്ച് ബിഷപ്പിന്റെ പേരുണ്ടെങ്കിലും ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കുമോയെന്ന് വ്യക്തതയില്ല.