കൊച്ചി: കലൂര്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് രാസലഹരി പിടികൂടിയ സംഭവത്തില്‍ ഒളിവിലുള്ള പ്രധാന പ്രതി ആശയവിനിമയം നടത്തിയിരുന്നത് ഇന്റര്‍നെറ്റ് കോളിങ് സംവിധാനം വഴിയെന്ന് എക്‌സൈസ് അന്വേഷണ സംഘം. ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്ന് കണ്ടെത്തുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ രീതി തെരഞ്ഞെടുത്തതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
കേസില്‍ പിടിയിലാകാനുള്ള കമാന്‍ഡര്‍ എന്നറിയപ്പെടുന്ന കൊല്ലം സ്വദേശി സച്ചിന്‍ പല രാജ്യങ്ങളുടെയും ഐഎസ്ഡി കോഡുകള്‍ ഉപയോഗിച്ചാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ഫോണ്‍ വിളിക്കുന്നത്. തായ്‌ലന്‍ഡിന്റെ ഐഎസ്ഡി കോഡായ + 66 ഉപയോഗിച്ചായിരുന്നു മിക്ക വിളികളുമെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
എന്നാല്‍ ഇത്തരത്തില്‍ വിളിച്ചത് കേരളത്തിനുള്ളില്‍ നിന്ന് തന്നെയായിരിക്കാമെന്നാണ് സംശയം. അന്തര്‍ സംസ്ഥാന ലഹരിമരുന്ന് സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നു. കഴിഞ്ഞ ദിവസമാണ് 25 ലക്ഷം രൂപയുടെ മാരക ലഹരിയുമായി സൂസിമോള്‍ ( തുമ്പിപ്പെണ്ണ്) അടക്കം നാലുപേര്‍ പിടിയിലാകുന്നത്.