കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി

0
246

കൊച്ചി: കളമശേരി സ്ഫോടനക്കേസിൽ അറസ്റ്റിലായ പ്രതി ഡോമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി. കൂടാതെ കൊലപാതകക്കുറ്റം ഉൾപ്പടെയുള്ള ​ഗുരുതര വകുപ്പുകളും ചുമത്തിയിട്ടുണ്ട്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സ്ഫോടനം എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുക, കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സ്ഫോടം നടത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഒരു പ്രത്യേക സമൂഹത്തിനുനേരെ അവരെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സ്ഫോടനം. തീവ്രവാദ സ്വഭാവത്തോടെയുള്ളതും രാജ്യത്തിന് ഭീഷണിയാകുന്നതുമാണെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. കരുതിക്കൂട്ടിയുള്ള വധശ്രമം, സ്ഫോടക വസ്തു നിരോധന നിയമം തുടങ്ങി ​ഗുരുതര വകുപ്പുകളാണ് മാർട്ടിന് എതിരെ ചുമത്തിയിരിക്കുന്നത്. 

യഹോവ സാക്ഷിയുടെ സമ്മേളനത്തിനിടെ ഇന്ന് രാവിലെ 9.30യോടെ സ്‌ഫോടനം നടന്നത്. സംഭവത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിനു പിന്നാലെ ഫെയ്സ്ബുക്കിലൂടെ താനാണ് സ്ഫോടനം നടത്തിയതെന്ന് ഡൊമിനിക് മാർട്ടിൻ വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. 

ആറ് മാസം കൊണ്ടാണ് കൃത്യനിര്‍വഹണത്തിന് തയ്യാറെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ഡൊമിനിക് ബോംബുണ്ടാക്കാന്‍ പഠിച്ചത്. സ്‌ഫോടക വസ്തുവെച്ചത് പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണെന്നും സ്‌ഫോടക വസ്തു വാങ്ങിയ കടകളുടെ വിവരങ്ങളും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ദുബായില്‍ ജോലി ചെയ്തിരുന്ന ഡൊമിനിക് നാട്ടിലെത്തിയത് ഒരു മാസം മുമ്പാണെന്നാണ് വിവരം.