അന്വേഷണം ദുബായിലേക്ക്; ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധങ്ങള്‍ പരിശോധിക്കുന്നു; അത്താണിയിലെ വീട്ടില്‍ തെളിവെടുപ്പ്

0
479

കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനക്കേസില്‍ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കും. എന്‍ഐഎയാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത്. ഡൊമിനിക് മാര്‍ട്ടിന്‍ ജോലി ചെയ്ത സ്ഥലത്തടക്കം വിശദമായ അന്വേഷണം നടത്തും. ദുബായില്‍ 18 വര്‍ഷത്തോളം നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഡൊമിനിക്കിന്റെ ഫോണ്‍ വിളികളും സമൂഹമാധ്യമ അക്കൗണ്ടുകളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്. 

വിദേശത്തുനിന്ന് ബോംബു നിര്‍മാണത്തെക്കുറിച്ച് ഡൊമിനിക് മാര്‍ട്ടിന്‍ പഠിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബോംബ് നിര്‍മാണം പഠിക്കാന്‍ ഒട്ടേറെത്തവണ ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടുണ്ട്. ആരെങ്കിലും ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുണ്ടോയെന്നാണ് എന്‍ഐഎ, എന്‍എസ്ജി, ഇന്റലിജന്‍സ് ബ്യൂറോ, കേരള പൊലീസ് തുടങ്ങിയവര്‍ അന്വേഷിക്കുന്നത്.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വിദഗ്ധമായി ഉപയോഗിക്കുന്ന മാര്‍ട്ടിന്റെ കഴിഞ്ഞ ഒരുമാസത്തെ ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് എന്‍ഐഎയുടെ സൈബര്‍ ഫൊറന്‍സിക് വിഭാഗവും പരിശോധിക്കുന്നുണ്ട്. കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അത്താണിയിലെ വീട്ടിൽ തെളിവെടുപ്പ്

പ്രതി ഡൊമിനിക് മാര്‍ട്ടിനെ അത്താണിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഈ വീട്ടില്‍ വെച്ചാണ് ബോംബ് നിര്‍മ്മിച്ചതെന്നാണ് പ്രതി ഡൊമിനിക് മാര്‍ട്ടില്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഭാര്യയുടെ പേരിലുള്ള ഈ വീട് നാല് അപ്പാര്‍ട്ടുമെന്റുകളായി വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. ഇവിടേക്ക് ഇവര്‍ അപൂര്‍വ്വമായിട്ടേ വരാറുണ്ടായിരുന്നുള്ളൂ. 

എന്നാല്‍ സ്‌ഫോടനം നടന്നതിന് മുമ്പുള്ള മൂന്നു ദിവസങ്ങളില്‍ ഡൊമിനിക് മാര്‍ട്ടിന്‍ സ്ഥിരമായി ഈ വീട്ടില്‍ വന്നിരുന്നു. രാവിലെ മുതല്‍ വൈകീട്ടു വരെ വീട്ടില്‍ കഴിഞ്ഞിരുന്നുവെന്ന് പൊലീസ് സൂചിപ്പിക്കുന്നു. ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നവര്‍ സമീപത്തെ ഒരു കമ്പനിയില്‍ ജോലിക്ക് പോകുന്നവരാണ്. ഈ വീടിന്റെ ടെറസില്‍ വെച്ചാണ് ബോംബ് പരീക്ഷണം നടത്തിയിരുന്നതെന്നും പൊലീസ് വിലയിരുത്തുന്നു. 

കസ്റ്റഡിയിലായിരുന്ന ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ മാർട്ടിൻ ഡൊമിനി(57)ക്കിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമേ യുഎപിഎ. വകുപ്പും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അഞ്ചരവർഷമായി ഇയാൾ താമസിച്ച തമ്മനം കുത്താപ്പാടി കാദർപിള്ള റോഡിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ, ഡൊമിനിക്കിന്റെ ആധാർ കാർഡ്‌, ബാങ്ക്‌ പാസ്‌ബുക്ക്, പാസ്‌പോർട്ട്‌ എന്നിവ കണ്ടെടുത്തിട്ടുണ്ട്.