കൊവിഡ് മരണം; നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മാര്‍ഗരേഖ പുറത്തിറക്കി

0
95

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം കൊവിഡ് മരണം തീരുമാനിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവായത് . സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. കൊവിഡ് മരണത്തില്‍ ആശയകുഴപ്പമില്ലെന്നും കേന്ദത്തിന്റെ നിര്‍ദേശം അനുസരിച്ച് പട്ടികയില്‍ മാറ്റം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പരാതികള്‍ വന്നാല്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു . ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ മാര്‍ഗരേഖയും സമര്‍പ്പിച്ചിരുന്നു.