ആഡംബര കപ്പലില്‍ വന്‍മയക്കുമരുന്ന് പാര്‍ട്ടി, ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെ എട്ട് പേര്‍ പിടിയില്‍

0
566

ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടിക്കിടയില്‍ എട്ട് പേര്‍ പിടിയില്‍. മുംബൈ തീരത്തെത്തിയ കോര്‍ഡിലിയ ക്രൂയിസ് ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച കപ്പലില്‍ നടന്ന പാര്‍ട്ടിക്ക് ഇടയിലായിരുന്നു എന്‍സിബിയുടെ റെയ്ഡ്. യാത്രക്കാരുടെ വേഷത്തില്‍ ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറുകയായിരുന്നു. മുംബൈ തീരത്തുനിന്ന് കപ്പല്‍ നടുക്കടലില്‍ എത്തിയപ്പോള്‍ റേവ് പാര്‍ട്ടി തുടങ്ങി. പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അടക്കമാണ് അറസ്റ്റ് ചെയ്തത്.

സംഗീത പരിപാടി എന്ന നിലയില്‍ സംഘടിപ്പിച്ച് ഒക്ടോബര്‍ 2 മുതല്‍ നാല് വരൊണ് കപ്പലില്‍ പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്.

രണ്ടാഴ്ച മുമ്പാണ് കോര്‍ഡിലിയ ക്രൂയിസ് കപ്പല്‍ ഉദ്ഘാടനം ചെയ്തത്. കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലിലെത്തിക്കും. നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.