പരീക്ഷ പൂര്‍ത്തിയാക്കാതെ മരച്ചുവട്ടില്‍ കാത്തുനിന്നു, നിഥിനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഓഫീസ് കത്തി ; കൊലയ്ക്കുശേഷവും ഭാവഭേദമില്ലാതെ പ്രതി അഭിഷേക്

0
143

കോട്ടയം:പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥി നിഥിനയെ കൊലപ്പെടുത്താനായി കാത്തുനില്‍ക്കുകയായിരുന്നു പ്രതി അഭിഷേക്. അഭിഷേക് പരീക്ഷ പാതിക്ക് നിര്‍ത്തി പെണ്‍കുട്ടിയെ കാത്തുനില്‍ക്കുകയായിരുന്നുവെന്ന് ഇരുവര്‍ക്കുമൊപ്പം പരീക്ഷ എഴുതിയ സഹപാഠി ആദം പറഞ്ഞു. ഇരുവരും ഒരു ഹാളിലായിരുന്നു പരീക്ഷ എഴുതിയത്.

നിഥിനയും അഭിഷേകും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും ആദം പറഞ്ഞു. ക്ലാസില്‍ എല്ലാവരും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു. കോളേജില്‍ വെച്ച് വഴക്കൊന്നും ഉണ്ടായിട്ടില്ല. അഭിഷേക് അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും സഹപാഠി പറഞ്ഞു.

പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ മരത്തിന് ചുവട്ടില്‍ ആണ്‍കുട്ടി കാത്തിരിക്കുകയായിരുന്നുവെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഫാ ജയിംസ് മംഗലത്ത് പറഞ്ഞു. പെണ്‍കുട്ടിയെ പേനാക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നാലെ പോയ കുട്ടികളാണ് സംഭവം കണ്ടത്.

കോളേജ് ഓഫീസില്‍ വിവരം ലഭിച്ചതിനേ തുടര്‍ന്ന് ആശുപതിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇതിന് മുമ്പ് യാതൊരു പ്രശ്‌നവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുപ്പമുണ്ടെന്ന പറയുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇല്ലായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
കൊലയ്ക്കുശേഷം പിടിയിലായ പ്രതിക്ക് യാതൊരു ഭാവദേദവും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സെന്റ് തോമസ് കോളജ് ഫുഡ് പ്രോസസിങ് ടെക്‌നോളജി മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് നിഥിന മോള്‍ . പ്രണയം നിരസിച്ചതാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. കോഴ്‌സ് കഴിഞ്ഞ് പരീക്ഷയെഴുതാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. നിഥിന മോളുടേത് ദാരിദ്രത്തോട് പടവെട്ടിയ ജീവിതമായിരുന്നു.കരള്‍ രോഗിയായ അമ്മ മാത്രമായിരുന്നു കൂട്ടിനുണ്ടയിരുന്നത്.ഉന്നത വിദ്യാഭ്യാസം കൊതിച്ച നിഥിന മോള്‍ നിരവധി ആളുകളുടെ സഹായത്തിലായിരുന്നു മുന്നോട്ട് പോയികൊണ്ടിരുന്നത്.