ചരിത്രനേട്ടവുമായി ജനനായകന്‍, നിയമസഭയില്‍ 51 വര്‍ഷം പൂര്‍ത്തികരിച്ച് ഉമ്മന്‍ ചാണ്ടി

0
135

കോട്ടയം: ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ നേതാവ് സെപ്റ്റംബര്‍ 17ന് നിയമസഭയില്‍ 51 വര്‍ഷം പൂര്‍ത്തികരിക്കുകയാണ്.സ്‌കൂളില്‍ പഠിക്കുമ്പോഴെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് മുതല്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നില്‍ക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

1970 ല്‍ ഇരുപത്തിയേഴാമത്തെ വയസ്സില്‍ ആയിരുന്നു ആദ്യ പോരാട്ടം.തുടര്‍ന്ന് 1977, 1980, 1982,1987, 1991, 1996, 2001, 2006, 2011, 2016, 2021 എന്നീ വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് ഉമ്മന്‍ ചാണ്ടി വിജയം കൈവരിച്ചത്. ഇന്ത്യയില്‍ ഒരേ മണ്ഡലത്തില്‍ നിന്ന് പരാജയമറിയാതെ തുടര്‍ച്ചയായി ഒരു കോണ്‍ഗ്രസ് ജനപ്രതിനിധി 51 വര്‍ഷം നിയമസഭയില്‍ എത്തിയതും ഉമ്മന്‍ ചാണ്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്.

കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായി തുടര്‍ന്ന് എ.ഐ.സി.സി അംഗമായി.1977 ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയിലും 1978ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും അദ്ദേഹം തൊഴില്‍ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യം വകുപ്പ് മന്ത്രിയായി.

1980കളില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആന്റണി വിഭാഗം എ ഗ്രൂപ്പ് രൂപീകരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ല്‍ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കണ്‍വീനറായി. 2004-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2006 ല്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു. പിന്നീട് 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിച്ചപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയായി.