13.99 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം;11551 കോടി രൂപയ്ക്കുള്ള പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

0
179

തിരുവനന്തപുരം: ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമീണ മേഖലയില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് 2021-2022 വര്‍ഷത്തേക്ക് 11551.23 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംസ്ഥാനത്ത് ഒട്ടാകെ 13.99 ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് അനുമതി ആയിരിക്കുന്നത്. ഇതിനു പുറമേ ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 112 കോടി രൂപയും വിഭാവനം ചെയ്തിട്ടുണ്ട്. ജലജീവന്‍ മിഷന്‍ സംസ്ഥാനതല കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

പഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. അതാതു പഞ്ചായത്തുകളുടെ കൂടി സഹകരണത്തോടെയാണ് മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധജലം ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. പഞ്ചായത്തുകള്‍ക്കും പൊതുജനങ്ങള്‍ക്കും പദ്ധതിയില്‍ വലിയ പങ്കാണ് വഹിക്കാനുള്ളത്. ജനങ്ങള്‍ക്കിടയില്‍ പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് 270 കോടി രൂപയും നീക്കി വയ്ക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അടുത്ത മൂന്നു വര്‍ഷം കൊണ്ട് കേരളത്തില്‍ ഗ്രാമീണ മേഖലയിലുള്ള മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്തൃ വിഹിതമായി ചെറിയ തുക മാത്രമാണ് പൊതുജനങ്ങള്‍ക്ക് നല്‍കേണ്ടി വരുന്നത്.