മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കിയില്ല: തോട്ടടി പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് തന്നെ

0
129


തലവടി:കൈവരികൾ തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിലായ തോട്ടടി പാലത്തിൻ്റെ കൈവരികൾ ഒരു മാസത്തിനകം പുനസ്ഥാപിക്കപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ട് 35 ദിവസം പിന്നിട്ടെങ്കിലും പാലത്തിൻ്റെ അവസ്ഥ പഴയത് പോലെ തന്നെ.
പൊതുപ്രവർത്തകൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ ഹർജിയെ തുടർന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആഗസ്റ്റ് 4ന് ഉത്തരവിട്ടത്.
തകർന്ന കൈവരികളോട് കൂടിയ പാലത്തിൻ്റെ ചിത്രങ്ങൾ, മാധ്യമങ്ങളിൽ വന്ന വാർത്തകളും ഉൾപ്പെടെയാണ് ഹർജി സമർപ്പിച്ചത്.
കൂടാതെ പാലം അപകടാവസ്ഥയിലാണെങ്കിൽ ആയത് പുതുക്കി പണിയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുവാനും ബന്ധപ്പെട്ട അധികാരികൾ കാലത്താമസം വരുത്തുന്നത് നിർഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമെന്ന് ചൂണ്ടികാട്ടി പൊതുമരാമത്ത് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നോട്ടീസ് അയക്കുവാൻ ആഗസ്റ്റ് 4 ന് ഉത്തരവിട്ടത്.
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവിൽ മൂന്നു കരയെയും ബന്ധിപ്പിച്ച് കടത്തു വള്ളം ഉണ്ടായിരുന്നു. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിൽ ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് നിലവിലുള്ള വീതി കുറഞ്ഞ പാലം നിർമ്മിച്ചത്.പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു.തോട്ടടി കടവിൽ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ കൈവരികൾ നിലവിൽ പൂർണ്ണമായും തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആണ്.പാലം ബലക്ഷയമെന്നും മിനിലോറി,ടെമ്പോവാൻ എന്നിവ പാലത്തിൽ കയറ്റുന്നത് നിരോധിച്ചു കൊണ്ട് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടർന്ന് വീണ്ടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ ഡോ.ജോൺസൺ വി. ഇടിക്കുള സമീപിച്ചിരിക്കുകയാണ്.