കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ബിജെപി പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. 27 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടത്. കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമുണ്ട്. ബിജെപിക്ക് എട്ട് അംഗങ്ങളാണ് ഉള്ളത്.വേട്ടെടുപ്പില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ വിട്ട് നിന്നു. 29 പേര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഒരു വോട്ട് അസാധുവായി.
അതേസമയം എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും നോബിള്‍ മാത്യു അറിയിച്ചു. സിപിഐഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ലെന്നും എന്നാല്‍ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.