മതസൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയത വളര്‍ത്താനുമുള്ള ശ്രമം, കലാകാരന്മാര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

0
156

തിരുവനന്തപുരം: മതസൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയത വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് സാംസ്‌കാരിക സാഹിത്യ സമൂഹിക പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു.

കത്ത് പൂര്‍ണരൂപത്തില്‍

നമ്മുടെ സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവനകളും ചര്‍ച്ചകളും വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടാവുമല്ലോ. മുന്‍പില്ലാത്ത വിധം സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടായിരിക്കുന്നു. സംശയങ്ങളും ആശങ്കകളും വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും തകര്‍ക്കുന്ന രീതിയിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിലെ വിവിധ മതവിശ്വാസികള്‍ എക്കാലവും പരസ്പരം പുലര്‍ത്തിയിരുന്ന സ്നേഹ വിശ്വാസങ്ങള്‍ക്കും സാഹോദര്യത്തിനും പോറല്‍ ഏല്‍ക്കുന്നത് അത്യന്തം വേദനാജനകമാണ്. സമൂഹത്തെ ചേര്‍ത്തു നിര്‍ത്തുന്ന ഇഴയടുപ്പങ്ങള്‍ പൊട്ടിയകലുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. നമ്മുടെ കേരളം വിദ്വേഷത്തിലും അവിശ്വാസത്തിലും പകയിലും ചെന്നവസാനിക്കരുത്.

എഴുത്തിലും വാക്കിലും ജീവിതത്തിലും മലയാളിക്ക് എന്നും വഴികാട്ടിയിട്ടുള്ള അങ്ങ് ഈ ഘട്ടത്തില്‍ സമൂഹത്തില്‍ നിറയുന്ന വര്‍ഗീയ പ്രവണതകള്‍ തിരുത്തുന്നതിനും നന്മയുടെ വഴിതെളിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കണം. അത്തരം ശ്രമങ്ങള്‍ക്ക് ഉപദേശവും പിന്തുണയും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. മതേതരത്വത്തിന് പോറലേല്‍ക്കുകയും വര്‍ഗീയത പിടിമുറുക്കുകയും ചെയ്യുമ്പോള്‍ മാനവികത അപ്രസക്തമാകും. മതേതരത്വത്തില്‍ ഉറച്ചു നിന്നു കൊണ്ട് കേരളത്തിന്റെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും യു.ഡി.എഫും ആരംഭിച്ചത് അങ്ങയെ അറിയിക്കുന്നു. എല്ലാ പിന്തുണയും ഉണ്ടാകണം.