മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വത്തിന് പിന്നാലെ എഐസിസി അംഗത്വവും രാജിവച്ചു. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുമെന്നും സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ സുധീരന്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഫലപ്രദമായ ഇടപെല്‍ ഉണ്ടാകുന്നില്ല. ഇതില്‍ വലിയ ദുഖമുണ്ട്. പുതിയ നേതൃത്വത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും എല്ലാം കളഞ്ഞുകുളിച്ചു. പല നേതാക്കളെയും നേതൃത്വം മുഖവിലക്കെടുക്കുന്നില്ലെന്നും സുധീരന്‍ പറയുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഞായറാഴ്ച സുധീരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും രാജി തീരുമാനത്തില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ഇന്ന് സുധീരനുമായി ചര്‍ച്ച നടത്തും.