‘എന്റെ കളര്‍ സെറ്റ് എട്ട് എയിലെ ആദിത്യന് നല്‍കണം,അമ്മ, അച്ഛ… ഞാന്‍ പോകുന്നു’; കത്ത് എഴുതി വെച്ച ശേഷം പതിമൂന്നുകാരന്‍ വീടുവിട്ടുപോയി; അന്വേഷണം

0
48

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കത്ത് എഴുതി വെച്ച ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടുപോയി. ആനക്കോട് സ്വദേശിയായ പതിമൂന്നുകാരനെയാണ് കാണാതായത്. കുട്ടി കാട്ടക്കടയില്‍ നിന്നും ബാലരാമപുരത്തേക്ക് പോയതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചത്.

ഇന്നു രാവിലെയാണ് സംഭവം. രാവിലെ കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ക്ക് കത്തു ലഭിക്കുന്നത്. അമ്മ, അച്ഛന്‍ ഞാന്‍ പോകുന്നു. എന്റെ കളര്‍ സെറ്റ് എട്ട് എയിലെ ആദിത്യന് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തുടര്‍ന്ന് കാട്ടാക്കട പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാവിലെ 5.30 ന് കുട ചൂടി ബാഗുമായി പോകുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കാട്ടാക്കടയില്‍ നിന്നും വിഴിഞ്ഞം ബസില്‍ കയറി പോയതായാണ് വിവരം ലഭിച്ചത്.

കുട്ടി വീടുവിട്ടിറങ്ങാന്‍ മതിയായ കാരണങ്ങളൊന്നും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.കുട്ടിയെ കണ്ടെത്തിയാല്‍ വിവരം അറിയിക്കണമെന്ന് പൊലീസ് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറിയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.