കണ്ണൂരിലെ ജനവാസ മേഖലയെ വിറപ്പിച്ച് കാട്ടുകൊമ്പൻ, പരിഭ്രാന്തി; സ്കൂളുകൾക്ക് അവധി

0
66

കണ്ണൂര്‍:  കണ്ണൂര്‍ ഇരിട്ടിയിലെ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി.

ഉളിക്കല്‍ ടൗണിലെ സിനിമ തിയേറ്ററിന് മുന്നിലാണ് ആനയെ ആദ്യം കണ്ടത്. ആന ഉളിക്കല്‍ ടൗണിലെ പള്ളി കോമ്പൗണ്ടിലെ കൃഷിയിടത്തില്‍ ആന നിലയുറപ്പിച്ചിരിക്കുകയാണ്. ആനയെ ജനവാസ മേഖലയില്‍ നിന്നും തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ ശ്രമം തുടരുകയാണ്. 

വനാതിര്‍ത്തിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ഉളിക്കല്‍. നഗരത്തിന് നടുവില്‍ ആന നിലയുറപ്പിച്ച സാഹചര്യത്തില്‍ മയക്കുവെടി വെക്കുക എന്നത് ദുഷ്‌കരമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ടൗണില്‍ വെച്ച് മയക്കുവെടി വെച്ചാല്‍, വെടിയേറ്റ ആന കൂടുതല്‍ പ്രകോപിതനാകുമോയെന്നാണ് വനം വകുപ്പ് ആശങ്ക പ്രകടിപ്പിക്കുന്നത്. 

ആനയെ പടക്കം പൊട്ടിച്ച് പ്രദേശത്തു നിന്നും മാറ്റാന്‍ വനംവകുപ്പിന്റെ ഫ്‌ലയിങ് സ്‌ക്വാഡ് ശ്രമം നടത്തുന്നുണ്ട്. സമീപത്തെ കശുമാവിന്‍ തോട്ടത്തിലേക്ക് മാറ്റാനാണ് ശ്രമം. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സമീപപ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കുകയാണ്. 

ആനയുടെ സമീപത്തേക്ക് ആളുകള്‍ എത്താതിരിക്കാന്‍ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞിരിക്കുകയാണ്. ആനയെ കണ്ട് ഭയന്നോടിയ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുകൊമ്പന്‍ കര്‍ണാടക വനത്തില്‍ നിന്നും ഇറങ്ങിയതാണെന്നാണ് സംശയിക്കുന്നത്. 

കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ ഉളിക്കല്‍ മേഖലയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ടൗണില്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചു. നഗരത്തിലിറങ്ങിയ ആന നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആളുകളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സജീവ് ജോസഫ് എംഎല്‍എ പറഞ്ഞു.