സംസ്ഥാനത്ത് സിയാല്‍ മോഡലില്‍ സ്ഥാപിക്കുന്ന കേരള റബര്‍ ലിമിറ്റഡ് കമ്പനി ആരംഭിക്കാന്‍ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിയമസഭയില്‍ അറിയിച്ചു. എംഎല്‍എമാരായ ഡോ.എന്‍.ജയരാജ്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍ എന്നിവര്‍ സംയുക്തമായി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പദ്ധതിനിര്‍വഹണത്തിനായി നിയോഗിച്ച കണ്‍സള്‍ട്ടിങ് ഏജന്‍സിയായ കിറ്റ്കോ വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന വളര്‍ച്ചാനിരക്ക്, പ്രകൃതി ദത്ത റബറിന്റെ ഉയര്‍ന്ന ഉപഭോഗം, കയറ്റുമതിയുടെ കൂടുതല്‍ സാധ്യത, ഉയര്‍ന്ന പ്രവര്‍ത്തന മാര്‍ജിന്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് മൂല്യ വര്‍ധന സംരംഭങ്ങളുടെ ഭാഗമായി കമ്പനിയുടെ കീഴില്‍ ഉത്പാദനത്തിനായി മൂന്ന് ഉല്‍പ്പന്നങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഫ് ദി റോഡ് ടയറുകള്‍, ഹീറ്റ് റസിസ്റ്റന്റ് ലാറ്റക്സ് ത്രെഡ്, മെഡിക്കല്‍ ഗ്ലൗസ് എന്നിവയാണ് പ്രസ്തുത ഉല്‍പ്പന്നങ്ങള്‍. ഇതില്‍ മെഡിക്കല്‍ ഗ്ലൗസ് ഒഴികെയുള്ള രണ്ട് ഉല്‍പ്പന്നങ്ങള്‍ കേരള റബര്‍ ലിമിറ്റഡ് കമ്പനി മുഖേന ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. മൂന്ന് ഘട്ടങ്ങളായി വികസിപ്പിക്കുന്ന പദ്ധതിക്ക് 1050 കോടി രൂപയാണ് ചെലവ് കണക്കിലാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ കോട്ടയം ജില്ലയിലെ വെള്ളൂരിലുള്ള ഭൂമിയാണ് പദ്ധതിക്കായി പരിഗണിക്കുന്നത്.