കൊച്ചി: കാര്‍ പുഴയില്‍ വീണുണ്ടായ അപകടത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈതും ഡോ. അജ്മലുമാണ് മരിച്ചത്. ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലേക്കാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപെടുത്തി.
പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇന്നലെ രാത്രി കൊച്ചിയില്‍ നടന്ന ഒരു പാര്‍ട്ടി കഴിഞ്ഞ് കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഗുഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ കനത്ത മഴ കാരണം കാഴ്ച മറഞ്ഞതാകാം അപകടകാരണമെന്നാണ് നിഗമനം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കാര്‍ കണ്ടെത്തുമ്പോള്‍തന്നെ രണ്ടുപേരുടെ മൃതദേഹം വള്ളത്തില്‍ ഒഴുകിക്കിടക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാറിന്റെ ഡോര്‍ തുറന്ന് കിടന്നിരുന്നതിനാല്‍ മെയില്‍ നേഴ്‌സിനെയും ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെയുമടക്കം മൂന്ന് പേരെ രക്ഷപെടുത്തി. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്് പൊലീസ് അറിയിച്ചു.