കോഴിക്കോട് ജില്ലയിലെ ചരിത്രവും സാംസ്കാരിക തനിമയും ഒത്തിണങ്ങിയ ബേപ്പൂരിനെ ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകശ്രദ്ധ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്ര വികസന പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചു. പദ്ധതിയുടെ അവതരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികൾക്കായുള്ള പ്രാഥമിക യോഗവും തിരുവനന്തപുരത്ത് കെടിഡിസി മസ്കറ്റ് ഹോട്ടലിൽ ബഹു പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ടൂറിസം വകുപ്പ് ഡയറക്ടർ ശ്രീ കൃഷ്ണ തേജ ഐ എ എസ് സ്വാഗതം ആശംസിച്ചു. അഡിഷനൽ ചീഫ് സെക്രട്ടറി ടൂറിസം ഡോ. വേണു വി ഐ എ എസ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ ശ്രീ കെ രൂപേഷ്കുമാർ പദ്ധതി അവതരണം നടത്തി. കോഴിക്കോട് ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഐഎഎസ്, ബേപ്പൂർ മുൻ എംഎൽഎയും കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറുമായിരുന്ന ശ്രീ. വി കെ സി മുഹമ്മദ് കോയ, ബേപ്പൂർ വികസന സമിതി ചെയർമാൻ ശ്രീ എം.ഗിരീഷ് , ഫറൂക്ക് മുൻസിപ്പൽ ചെയർമാർ എൻ സി അബ്ദുൾ റസാഖ് രാമനാട്ടുകര മുൻസിപ്പൽ ചെയർ പേർസൺ ശ്രീമതി സുഹറാബി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എം പി ശിവാനന്ദൻ, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനുഷ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത പൂക്കാടൻ, പ്രദേശത്തു നിന്നുള്ള വിവിധ ജനപ്രതിനിധികൾ, ജോയിന്റ് ഡയറക്ടർ ടൂറിസം, മറ്റു ടൂറിസം ഉദ്യോഗസ്ഥർ, പദ്ധതി നടത്തിപ്പിനായുള്ള ഉത്തരവാദിത്ത ടൂറിസം മിഷൻ ടീം തുടങ്ങിയവർ ഓൺലൈൻ ആയി യോഗത്തിൽ പങ്കെടുത്തു.
അറബിക്കടല്‍, ചാലിയാര്‍ പുഴ, തീരത്തുനിന്നും പുഴയിലും കടലിലുമായി ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള പുലിമുട്ട്, ബേപ്പൂര്‍ തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷി സങ്കേതം, കടലും പുഴയും സംഗമിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖം, അപൂര്‍വ്വ കണ്ടല്‍ച്ചെടികളുടെ പച്ചപ്പു നിറഞ്ഞ കണ്ടൽക്കാടുകള്‍ എന്നിങ്ങനെ വിവിധ ആകര്‍ഷണങ്ങളും കലാസാംസ്കാരിക തനിമയും, ഭക്ഷണ വൈവിധ്യവും, ഗ്രാമീണ ജീവിത രീതികളും ഉള്‍പ്പെടെ ഒരു വിനോദസഞ്ചാര സഞ്ചാര കേന്ദ്രത്തിനു ആവശ്യമായ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒരു സ്ഥലമാണ് ബേപ്പൂര്‍. ബേപ്പൂര്‍ ടൂറിസം ഡെസ്റ്റിനേഷനെ ലോകത്തെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കി മാറുന്നതിനുള്ള ഒരു സമഗ്ര ടൂറിസം വികസന പദ്ധതിയാണ് കേരള ടൂറിസം ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.
ടൂറിസം വകുപ്പ് മന്ത്രിയും സ്ഥലം എം എൽ എ യും ആയ ശ്രീ പി എ മുഹമ്മദ് റിയാസ് ചെയർമാനും, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ കെ രൂപേഷ്കുമാർ കൺവീനറും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ അംഗങ്ങളുമായിട്ടുള്ള കമ്മറ്റി പദ്ധതിയുടെ മേൽനോട്ടം വഹിക്കും. നാലുവർഷംകൊണ്ട് വിവിധ ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 2024 ൽ ബേപ്പൂരിനെ ഒരു അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസംകേന്ദ്രമായി ആയി പ്രഖ്യാപിക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ബേപ്പൂരിൽ നടക്കുന്ന മറ്റ് ടൂറിസം വികസന പദ്ധതികളും ഈ പദ്ധതിയിലൂടെ ഏകോപിപ്പിച്ച് നടപ്പിലാക്കും. നാലു വർഷക്കാലം കൊണ്ട് 1000 പേർക്ക് പരിശീലനം നൽകുകയും കുറഞ്ഞതു 500 ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകൾ പദ്ധതിപ്രദേശത്തെ നിലവിൽ വരികയും ചെയ്യും. ആവശ്യമായ അടിസ്ഥാന സൗകര്യ വികസനവും ടൂറിസം വകുപ്പ് നടപ്പിലാക്കും.പ്രദേശത്ത് വികസിപ്പിക്കേണ്ട ടൂറിസം പദ്ധതികളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും കരട് ലിസ്റ്റ് തയ്യാറാക്കല്‍, സ്പെഷ്യൽ ടൂറിസം ഗ്രാമ സഭ(കള്‍), സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ക്കും ഇൻവെസ്റ്റർമാർക്കുമുള്ള യോഗങ്ങൾ,ടൂറിസം റിസോഴ്സ് മാപ്പിംഗ്, തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള വിവിധ പരിശീലനങ്ങള്‍,ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന് വീഡിയോകൾ, ബ്ലോഗര്‍മാര്‍, വ്ലോഗര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിവിധ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവർക്കായുള്ള ഫമിലറൈസേഷന് ഫീല്‍ഡ് ട്രിപ്പുകൾ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് നടക്കും