കോട്ടയം: കോട്ടയത്ത് അയ്മനം കരീമഠത്ത് ബോട്ടും വള്ളവും കൂട്ടിയിടിച്ച് മരിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തിയ മന്ത്രി വി എന്‍ വാസവന് നേര്‍ക്ക് നാട്ടുകാരുടെ രോഷപ്രകടനം. മേഖലയിലെ യാത്രാക്ലേശം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ മന്ത്രിയോട് കയര്‍ത്തത്.
അയ്മനം കരീമഠത്തില്‍ ഇന്നലെയാണ് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് അനശ്വര എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചത്. അനശ്വരയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനാണ് മന്ത്രി കുട്ടിയുടെ വീട്ടിലെത്തിയത്.
ജലമാര്‍ഗം മാത്രമേ പ്രദേശത്തുകാര്‍ക്ക് പുറത്തേക്ക് പോകാനാകൂ. ഇവിടേക്ക് വഴി വേണമെന്ന ആവശ്യം ദീര്‍ഘകാലമായി നാട്ടുകാര്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇതില്‍ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. ഇതാണ് അനശ്വരയുടെ മരണത്തിന് ഇടയാക്കിയതെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ മന്ത്രിയോട് രോഷത്തോടെ സംസാരിച്ചത്. നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ മന്ത്രി വാസവന്‍ വിശദമായി കേട്ടു. തുടര്‍ന്ന് പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു നല്‍കിയശേഷമാണ്, അനശ്വരയ്ക്ക് ആദരാഞ്ജലിയും അര്‍പ്പിച്ച് മന്ത്രി സ്ഥലത്തു നിന്നും മടങ്ങിയത്