മൈസൂരില്‍ സ്ഥാപിച്ച നടൻ പ്രഭാസിന്റെ മെഴുകു പ്രതിമക്കെതിരെ പ്രതിഷേധവുമായി ബാഹുബലി സിനിമയുടെ നിര്‍മാതാക്കള്‍. മ്യൂസിയത്തില്‍ പ്രതിമ സ്ഥാപിക്കുന്നതിനു മുന്‍പ് അനുമതി വാങ്ങിയില്ലെന്ന് ബാഹുബലി നിർമാതാവ് ഷോബു യാർലഗദ്ദ ട്വീറ്റ് ചെയ്തത്. ബാഹുബലിയുടെ കോസ്റ്റ്യൂമിലുള്ള പ്രഭാസിന്റെ പ്രതിമയാണ് നിർമിച്ചത്. പ്രതിമ വച്ചവര്‍ പ്രഭാസിനോട് നീതി പാലിച്ചില്ലെന്ന് ആരാധകരും ചൂണ്ടിക്കാട്ടി.
“ഞങ്ങളുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത് ചെയ്തത്. ഇത് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ ഞങ്ങൾ സ്വീകരിക്കും”- നിർമ്മാതാവ് എക്സ് പ്ലാറ്റഫോമിൽ കുറിച്ചു. പ്രതിമയുടെ ചിത്രവും ആരാധകരുടെ ഫാന്‍ പേജില്‍ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പ്രതിമയ്ക്ക് പ്രഭാസുമായി വിദൂരസാമ്യം പോലുമില്ലെന്നാണ് ആരാധകർ പറയുന്നത്. നടന് രാംചരണിനെപ്പോലുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു.
ബാഹുബലിയിലെ ഏതോ ഭടനാണെന്നാണ് പ്രതിമ കണ്ടപ്പോള്‍ ആദ്യം തോന്നിയതെന്ന് മറ്റൊരു യൂസര്‍ കുറിച്ചു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറെപ്പോലുണ്ടെന്നായിരുന്നു വേറെ ഒരാളുടെ കമന്റ്. “അതാണ് കർണാടക. തെലുങ്ക് നടന്റെ പ്രതിമ കർണാടകയിൽ സ്ഥാപിച്ചതിൽ സന്തോഷമുണ്ട്. അനുമതി ആവശ്യമില്ല. അവരുടെ സ്നേഹത്തിൽ സന്തോഷിക്കൂ.” എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.