വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പലെത്തി; ഷെൻഷുവ 15 കപ്പലിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

0
76

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ചൈനീസ് കപ്പൽ ഷെൻഷുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂർത്തിയാക്കിയാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷ. 

തുറമുഖത്തിന്റെ ആദ്യഘട്ടം അടുത്ത വർഷം പൂർത്തിയാകുമ്പോൾ ബർത്തിന്റെ നീളം 800 മീറ്ററാകും. ഏത് കൂറ്റൻ കപ്പലിനും നങ്കുരമിടാം. മൂന്ന് കിലോമീറ്റർ നീളം വേണ്ട പുലിമുട്ടിന്റെ 2300 മീറ്ററും പൂർത്തിയായി.

എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും 24 യാർഡ് ക്രെയിനുകളുമാണ് തുറമുഖത്തിനു വേണ്ടത്. ഷെൻഷോ 15 കപ്പലിന് പിറകേ വരും മാസങ്ങളിലായി ബാക്കി ക്രെയിനുകളുമായി മറ്റ് കപ്പലുകൾ എത്തും. 10 ലക്ഷം കണ്ടെയിനറുകൾ കൈകാര്യം ചെയ്യാനാകുന്ന രീതിയിലാണ് തുറമുഖത്തിന്റെ രൂപകൽപന. ഒന്നാം കപ്പലിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ആദ്യ കപ്പലിനുള്ള സർക്കാരിന്റെ ഔദ്യോഗിക വരവേൽപ്പ് ഞായറാഴ്ചയാണ്. 8000 പേർക്ക് ഇരിക്കാനുള്ള കൂറ്റൻ പന്തലിൽ വച്ച് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.