സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; കോട്ടയം മെഡിക്കൽ കോളജിന്റെ പേരിലും അഖിൽ സജീവും സംഘവും തട്ടിപ്പ് നടത്തി 

0
50

തിരുവനന്തപുരം: ആരോ​ഗ്യവകുപ്പിലെ നിയമന കോഴ തട്ടിപ്പ് കേസിൽ അറസ്റ്റിലായ അഖിൽ സജീവും സംഘവും കോട്ടയത്തും വലിയ തട്ടിപ്പ് നടത്തിയതായി വെളിപ്പെടുത്തൽ. കോട്ടയം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 

അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അഖിൽ സജീവും ലെനിനും ഉൾപ്പെടുന്ന സംഘമാണ് കോട്ടയത്ത് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് റഹീസിനെ ചോദ്യം ചെയ്തത്. 

റഹീസിനേയും ബാസിത്തിനേയും ചോദ്യം ചെയ്യലിന് വിധേയനാക്കിയതിനു ശേഷമാണ് റഹീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇ മെയിൽ ഉണ്ടാക്കിയത് റയീസാണെന്നു അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പിന്റെ ​ഗൂഢാലോചനയിൽ ഇയാൾക്ക് വലിയ പങ്കുണ്ടെന്നും പൊലീസ് പറയുന്നു. പരാതിക്കാരനായ ഹരിദാസിന്റെ മരുമകൾക്ക് ലഭിച്ച ജോലിയുടെ പോസ്റ്റിങ് ഓർഡർ വന്നത് ഒരു ഇ മെയിൽ ഐഡിയിൽ നിന്നാണ്. ഇതു വ്യാജമായിരുന്നു. ഇത് റയീസാണ് നിർമിച്ചത് എന്നാണ് കണ്ടെത്തൽ. 

ലെനിൻ രാജാണ് അഖിൽ സജീവനെ റഹീസിന് പരിചയപ്പെടുത്തിയത്. അഖിലും റഹീസുമായി ഇൻറീരിയർ ഡിസൈൻ ബിസിനസ് നടത്തിയിരുന്നെങ്കിലും അത് തകർന്നു. പിന്നീടും ഇവർ തമ്മിൽ സൗഹൃദം നീണ്ടു. ബിസിനസിലെ നഷ്ടം നികത്താനാണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.