ആവേശം വാനോളം; ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടം അഹമ്മദാബാദിൽ

0
34

ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടം ഇന്ന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2 മണിക്കാണ് മത്സരം. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍ താരം ശുഭ്മാൻ ഗിൽ ആദ്യഇലവനിൽ ഉണ്ടാകുമെന്ന സൂചനയാണ് ക്യാപ്റ്റൻ രോഹിത് ശർമ പങ്കുവെച്ചത്.  വിഐപികളടക്കം ഒരു ലക്ഷത്തിലേറെ പേർ മത്സരം കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേര്‍ക്കുനേര്‍ വരുമ്പോഴെല്ലാം ആവേശം ഉച്ഛസ്ഥായിലെത്തുന്ന മത്സരം. ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖമെത്തുമ്പോൾ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുകൂട്ടരും പ്രതീക്ഷിക്കുന്നില്ല. ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരായ ജയം പാക്കിസ്ഥാന് ഇന്നും കിട്ടാക്കനിയാണ്. ആ മധുരം തേടിയാണ് ബാബർ അസം പട നയിച്ചെത്തുന്നത്. ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരെ വീഴ്ത്താൻ എത്തുന്ന രണ്ടാം സ്ഥാനക്കാർക്ക് എന്ത് അത്ഭുതം സൃഷ്ടിക്കാനാകും എന്നാണ് അഹമ്മദാബാദിലെത്തുന്ന ഓരോ ക്രിക്കറ്റ് പ്രേമിയും ഉറ്റുനോക്കുന്നത്.

ഓസ്ട്രേലിയയെയും അഫ്ഗാനിസ്താനെയും അനായാസം മറികടന്നാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. നെതർലൻഡ്സിനോട് വിറച്ചെങ്കിലും ലങ്കയ്ക്ക് മുന്നിൽ ബാറ്റിംഗ് കരുത്ത് കാട്ടിയ പാക്കിസ്ഥാനും മൂന്നാം ജയം തേടുന്നു. വിരാട് കോലി, രോഹിത് ശർമ, രാഹുൽ എന്നിവർ മികവ് കാട്ടിയതും ബുംറ ന്യുബോളിൽ തിളങ്ങുന്നതും ഇന്ത്യക്ക് കരുത്താണ്. ഒപ്പം ശുഭ്മാൻ ഗിൽ ആരോഗ്യവാനെന്ന ക്യാപ്റ്റന്റെ പ്രഖ്യാപനവും നീലപ്പടയ്ക്ക് ആശ്വാസം നല്‍കുന്ന കാര്യങ്ങളാണ്.

എന്നാൽ ഗിൽ വന്നാൽ ആര് പുറത്തുപോകുമെന്നതാണ് ചോദ്യം. ഇഷാൻ കിഷനോ ശ്രേയസ് അയ്യർക്കോ സ്ഥാനമിളകും. ലോക റാങ്കിംഗിൽ രണ്ടാമനായ മുഹമ്മദ് സിറാജിന്റെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്നം. പേസര്‍ മുഹമ്മദ് ഷമിയെ പുറത്തിരുത്തുന്നതിലാവട്ടെ വിമർശനമുയരുന്നുണ്ട്. മുഹമ്മദ് റിസ്വാൻ, അബ്ദുള്ള ശെഫീഖ്, സൗധ് ഷക്കീൽ എന്നിവർ തിളങ്ങി നിൽക്കുന്നതും ഹസൻ അലി വിക്കറ്റെടുക്കുന്നതും പാക്കിസ്ഥാന് ആത്മവിശ്വാസം നൽകുന്നു.