ആശാന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയിൽ കൊമ്പന്മാർക്ക് തകർപ്പൻ ജയം

0
112

ഐഎസ്എല്ലിൽ ഒഡീഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് 2-1ന് ജയം.അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ പിറകിലായ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ ഗോള്‍ നേടി തിരിച്ചെത്തുകയായിരുന്നു. ഡിയേഗോ മൗറിസിയോയാണ് ഒഡീഷയുടെ ഗോള്‍ നേടിയത്.

ആറാം മിനിറ്റിലാണ് ഒഡീഷയുടെ ഭാഗത്ത് നിന്ന് ആദ്യ ഗോള്‍ശ്രമവുമുണ്ടായത്. 12-ാം മിനിറ്റില്‍ പ്രിതം കോട്ടലിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്. 15-ാം മിനിറ്റില്‍ മൗറിസിയോയുടെ ഗോളെത്തി. സീ ഗൊദാര്‍ഡിന്റെ അസിസ്റ്റിലായിരുന്നു മൗറിസിയോയുടെ ഗോള്‍. 22-ാം മിനിറ്റില്‍ ഒഡീഷയ്ക്ക് ലീഡെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ മൗറിസിയോയുടെ പെനാല്‍റ്റി കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് രക്ഷപ്പെടുത്തി. ബ്ലാസ്റ്റേഴ്‌സ് താരം നവോച്ച സിംഗിന്റെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി വിധിച്ചത്. ഇടത്തോട് ചാടിയ സുരേഷ് കിക്ക് രക്ഷപ്പെടുത്തുകയായിരുന്നു.

പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം കടുപ്പിച്ചു. ദെയ്‌സുകെ സകായ് പായിച്ച് ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. ആദ്യ പകുതിക്ക് അങ്ങനെ അവസാനമായി. എന്നാല്‍ 66-ാം മിനിറ്റില്‍ ഡയമന്റാകോസ് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. ദയ്‌സുകെ സകായ് അസിസ്റ്റ് നല്‍കുകയായിരുന്നു. 84-ാം മിനിറ്റില്‍ ലൂണയുടെ വിജയഗോള്‍. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയമുറപ്പിക്കുകയായിരുന്നു.

അതേസമയം വിലക്കിന് ശേഷം ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇന്നത്തേത്. പത്ത് മത്സരങ്ങളില്‍ ഏർപ്പെടുത്തിയ വിലക്ക് കഴിഞ്ഞാണ് വുകോമാനോവിച്ച് തിരിച്ചെത്തിയത്.

നിലവിൽ നാലു കളികളില്‍ ഏഴ് പോയന്റുമായി അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ് . നാലു കളികളില്‍ 10 പോയന്റുമായി എഫ് സി ഗോവയാണ് ഒന്നാം സ്ഥാനത്തുള്ളത്.