ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി, 9 മലയാളികൾ ഉൾപ്പടെ 212 പേർ

0
37

ന്യൂഡൽഹി: യുദ്ധഭൂമിയായി മാറിയ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി. ഓപ്പറേഷൻ അജയ് എന്ന് പേര് നൽകിയ ദൗത്യത്തിൽ 212 പേരെയാണ് തിരിച്ച് നാട്ടിലെത്തിച്ചത്. ഇതിൽ 9 മലയാളികളും അടങ്ങുന്നുണ്ട്. പുലർച്ചെ ആറ് മണിയോടെയാണ് വിമാനം ഡൽഹിയിൽ എത്തിയത്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നേരിട്ടെത്തി ഇസ്രയേലിൽ നിന്നെത്തിയവരെ സ്വീകരിച്ചു. ഇസ്രയേലിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് ‘ഓപ്പറേഷൻ അജയ്’ എന്നു പേരിട്ട ദൗത്യത്തിൽ ടെൽഅവീവിൽനിന്നു വിമാനം പുറപ്പെട്ടത്. ഇസ്രയേലിൽ 18,000 ഇന്ത്യക്കാരാണുള്ളത്. തിരിച്ചുവരാനാഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എത്രപേർ തിരിച്ചുവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. ഗാസയിൽ നാലും വെസ്റ്റ്ബാങ്കിൽ 10–12 ഇന്ത്യക്കാരുമുണ്ട്. താൽപര്യമെങ്കിൽ അവരെയും തിരിച്ചെത്തിക്കും. ആവശ്യമെങ്കിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇസ്രയേലിലേക്കു പോകും. 

ഡൽഹിയിലെത്തുന്ന  മലയാളികളെ സഹായിക്കുന്നതിനായി ദില്ലി  കേരള ഹൗസിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079. ഇസ്രയേലിൽ നിന്ന് കേരളത്തിലേക്ക്  തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ  വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.