ലൈക്കും ഷെയറും ചെയ്യാൻ ഇനി പണം നൽകണം?; എക്സിൽ പുതിയ സബ്സ്‌ക്രിപ്ഷൻ പരീക്ഷിക്കുന്നു

0
117

എക്സിൽ പുതിയ സബ്സ്‌ക്രിപ്ഷൻ സംവിധാനം പരീക്ഷിക്കുന്നു. ‘നോട്ട് എ ബോട്ട്’ എന്ന പുതിയ സബ്സ്‌ക്രിപ്ഷൻ എടുത്താൽ മാത്രമെ എക്സിലെ ലൈക്കുകൾ, റീ പോസ്റ്റുകൾ, മറ്റ് അക്കൗണ്ടുകൾ കോട്ട് (Quote) ചെയ്യുക, വെബ് വേർഷനിൽ പോസ്റ്റുകൾ ബുക്ക്മാർക്ക് ചെയ്യുക തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കൂ. വാർഷിക നിരക്കായി ഒരു ഡോളറാണ് ഇതിനായി നൽകേണ്ടത്.

ബോട്ട് അക്കൗണ്ടുകൾ, സ്പാം അക്കൗണ്ടുകൾ എന്നിവയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സബ്സ്‌ക്രിപ്ഷൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് എക്സ് പറഞ്ഞു. ഓരോ രാജ്യത്തും എക്സ്ചേഞ്ച് നിരക്ക് അനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടാവും. ന്യൂസീലാൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലാണ് ഈ സംവിധാനം ആദ്യം എത്തുക.

പരീക്ഷണ ഘട്ടമായതിനാൽ നിലവിലുള്ള ഉപഭോക്താക്കളെ ഈ മാറ്റം ബാധിക്കുകയില്ല. എന്നാൽ പുതിയതായി അക്കൗണ്ട് തുടങ്ങുന്ന ഉപഭോക്താക്കൾക്ക് സബ്സ്‌ക്രിപ്ഷൻ എടുത്തില്ലെങ്കിൽ ട്വീറ്റുകൾ കാണാനും വീഡിയോകൾ കാണാനും മാത്രമേ സാധിക്കുകയുള്ളൂ.

ട്വിറ്ററിലെ വലിയ പ്രശ്നമാണ് ബോട്ടുകൾ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനും തട്ടിപ്പുകൾക്കും മറ്റുമായി ബോട്ട് അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് തടയുന്നതിനുവേണ്ടിയാണ് സബ്സ്‌ക്രിപ്ഷൻ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ജൂലായിൽ ട്വിറ്റർ ബ്ലൂ സബ്സ്‌ക്രിപ്ഷൻ എടുക്കാത്ത ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കുന്ന ട്വീറ്ററുകളുടെ എണ്ണം നിയന്ത്രിച്ചിരുന്നു. ഇന്ത്യയിൽ എത്രയായിരിക്കും വാർഷിക സബ്സ്‌ക്രിപ്ഷൻ നിരക്കെന്ന് വ്യക്തമല്ല.