നിമിഷ പ്രിയയുടെ മോചനം; യമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണം; യാത്രാനുമതി തേടി അമ്മ കോടതിയില്‍

0
314

യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയ്ക്ക് ശരിഅത്ത് നിയമ പ്രകാരമേ മോചനം ലഭിക്കൂ എന്ന് അമ്മ പ്രേമകുമാരി. ഇതിനായുള്ള ചര്‍ച്ചക്ക് യെമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രേമ കുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ യമന്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ അനുകൂല വിധി ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ അമ്മ പ്രേമകുമാരി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ശരിഅത്ത് നിയമ പ്രകാരമുളള ബ്ലഡ് മണി തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളു. ഇതിനായി തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബവുമായി ചര്‍ച്ച ആവശ്യമാണ്. ഈ ചര്‍ച്ചകള്‍ക്ക് യമനിലേക്ക് പോകാന്‍ തനിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും സേവ് നിമിഷപ്രിയ ഫോറത്തിന്റെ ഭാരവാഹികള്‍ക്കും അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണെമെന്ന് ആവശ്യപ്പെട്ടാണ് പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

പ്രേമകുമാരിക്കും സേവ് നിമിഷപ്രിയ ഫോറത്തിന്റെ ഭാരവാഹികള്‍ക്കും യമന്‍ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാലാണ് പുതിയ ഹര്‍ജി. നാളെ ഡല്‍ഹി ഹൈക്കോടതി ഹര്‍ജി പരിഗണിച്ചേക്കും.