മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്,മോണ്‍സനും ഹണി ട്രാപ്പും ചര്‍ച്ചയാകും

0
203

തിരുവനന്തപുരം:മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും.വൈകീട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തില്‍ എസ്എച്ച്ഒ മുതല്‍ ഡിജിപി വരെയുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുക്കും.മോണ്‍സന്‍ മാവുങ്കലുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം ചര്‍ച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി സേനാംഗങ്ങളുടെ യോഗം വിളിച്ചത്.പുരാവസ്തു തട്ടിപ്പിനൊപ്പം, പൊലീസ് ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങളും ചര്‍ച്ചയാകും.

മോണ്‍സന്‍ മാവുങ്കലും മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും തമ്മിലെ ബന്ധത്തിന്റെ കടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത് സര്‍ക്കാരിനെ വെട്ടിലാക്കിക്കഴിഞ്ഞു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മോണ്‍സന്റെ വീടുകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ബെഹ്‌റ നിര്‍ദ്ദേശിച്ചതും, മുന്‍ ഡിഐജി സുരേന്ദ്രനും മോണസണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ്‍ ഇടപെട്ടതുമെല്ലാം സംസ്ഥാന പൊലീസിനെ തന്നെ പരുങ്ങലിലാക്കിയിരിക്കുകയാണ്.

മോണ്‍സനെതിരായ പീഡന പരാതി പൊലീസുകാര്‍ ഒതുക്കിയെന്ന ഇരയുടെ ആരോപണവും സേനക്കാകെ നാണക്കേടായി മാറി. പുരാവസ്തു തട്ടിപ്പിനൊപ്പം അടുത്തിടെ ഉയര്‍ന്ന പൊലീസ് ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങള്‍ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.