കപ്പല്‍ യാത്രക്കിടെ നടുക്കടലിൽ മലയാളി മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി; തെരച്ചിൽ തുടരുന്നു

0
48

കപ്പല്‍ യാത്രക്കിടെ  മലയാളി മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂര്‍ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്. അബുദാബിയില്‍ നിന്നും മലേഷ്യക്കുള്ള യാത്രക്കിടയിലാണ് സംഭവമെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. 

ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിന്‍റെ സെക്കന്‍റ് ഓഫീസറായ മനേഷ് കേശവദാസിനെയാണ് ജോലിക്കിടെ കാണാതായത്. കപ്പല്‍ കമ്പനി അധികൃതരാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. അബുദാബിയിലെ ജബല്‍ ധാനയില്‍നിന്നും മലേഷ്യക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്. പുലര്‍ച്ചെ നാലു മണിക്ക് ഡ്യൂട്ടി കഴിഞ്ഞ ശേഷം വിശ്രമിക്കാനായി കപ്പലിലിലെ മുറിയില്‍ പോയ മനേഷിനെ പിന്നീട് കാണാതായെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

കപ്പല്‍ ഇപ്പോള്‍ കടലില്‍ നങ്കൂരമിട്ട് തെരച്ചില്‍ നടത്തുകയാണെന്ന് കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മനേഷിന്‍റെ കുടുംബം വിദേശ കാര്യ മന്ത്രാലയത്തിനും കോസ്റ്റ് ഗോര്‍ഡിനും പരാതി നല്‍കി. അവധിക്ക് നാട്ടിലെത്തിയ മനേഷ് ഓഗസ്റ്റ് മൂന്നിനാണ് ജോലിക്കായി മടങ്ങിയത്.