ദയനീയം ഓസ്‌ട്രേലിയ! ദക്ഷിണാഫ്രിക്കയോടും തോല്‍വി; കീഴടങ്ങല്‍ 200 പോലും കടക്കാതെ

0
77

ലഖ്നൗ: ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി ഓസ്‌ട്രേലിയത്. ഇന്ത്യക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലും ഓസീസ് തകര്‍ന്നു വീണു. 134 റണ്‍സിന്റെ വമ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക ആഘോഷിച്ചത്. 

312 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 40.5 ഓവറില്‍ 177 റണ്‍സില്‍ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് കണ്ടെത്തി. ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിനു 70 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായിരുന്നു. മര്‍നസ് ലബുഷെയ്നും മിച്ചല്‍ സ്റ്റാര്‍ക്കും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരൊഴികെ മറ്റൊരാളും പൊരുതാന്‍ പോലും നിന്നില്ല. 

74 പന്തുകള്‍ നേരിട്ട് 46 റണ്‍സെടുത്ത ലബുഷെയ്‌നാണ് ടോപ് സ്‌കോറര്‍. താരത്തിനു മികച്ച പിന്തുണ നല്‍കി 51 പന്തുകള്‍ ചെറുത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് 27 റണ്‍സെടുത്തു സ്‌കോര്‍ 140 കടത്തി. പിന്നാലെ വന്ന കമ്മിന്‍സ് 21 പന്തില്‍ 22 റണ്‍സെടുത്തു. ആദം സാംപ 11 റണ്‍സുമായി പുറത്താകാതെ നിന്നു. ജോഷ് ഹെയ്‌സല്‍വുഡിനെ രണ്ട് റണ്ണില്‍ മടക്കി ടബരിസ് ഷംസി ഇന്നിങ്‌സിനു തിരശ്ശീലയിട്ടു. ഡേവിഡ് വാര്‍ണര്‍ (13), മിച്ചല്‍ മാര്‍ഷ് (7), സ്റ്റീവ് സ്മത്ത് (19), ജോഷ് ഇംഗ്ലിസ് (5), ഗ്ലെന്‍ മാക്സ്വെല്‍ (3), മാര്‍ക്കസ് സ്റ്റോയിനിസ് (5) എന്നിവരെല്ലാം ക്ഷണം മടങ്ങി. 

ദക്ഷിണാഫ്രിക്കക്കായി കഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ ജന്‍സന്‍, കേശവ് മഹാരാജ്, ടബരിസ് ഷംസി എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ലുന്‍ഗി എന്‍ഗിഡി ഒരു വിക്കറ്റെടുത്തു. 

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സെഞ്ച്വറിയടിച്ച ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിന്റെ കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. 90 പന്തിലാണ് താരം ശതകം നേടിയത്. 106 പന്തില്‍ 8 ഫോറും 5 സിക്സും സഹിതം 109 റണ്‍സുമായി ഡി കോക്ക് മടങ്ങി.

ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍മാര്‍ 108 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. 108 റണ്‍സില്‍ നില്‍ക്കെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ക്വിന്റന്‍ ഡി കോക്കിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് ബവുമ മടങ്ങിയത്. ഗ്ലെന്‍ മാക്സ്വെലാണ് ബവുമയെ മടക്കിയത്.  

പിന്നീട് ക്രീസിലെത്തിയവരില്‍ എയ്ഡന്‍ മാര്‍ക്രം അര്‍ധ സെഞ്ച്വറി നേടി. താരം 44 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സ് അടിച്ചു. 

ക്യാപ്റ്റന്‍ ടെംബ ബവുമ (35), വാന്‍ ഡെര്‍ ഡുസന്‍ (26), ഹെയ്ന്റിച് ക്ലാസന്‍ (29), ഡേവിഡ് മില്ലര്‍ (17), മാര്‍ക്കോ ജെന്‍സന്‍ (26) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കളി കഴിയുമ്പോള്‍ കേശവ് മഹാരാജ്, കഗിസോ റബാഡ എന്നിവര്‍ റണ്ണൊന്നുമില്ലാതെ ക്രീസില്‍. 

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.