ജെറുസലേം: തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 70 പേർ മരിച്ചതായി റിപ്പോർട്ട്. ഇസ്രയേൽ സൈന്യം നൽകിയ 24 മണിക്കൂർ അന്ത്യശാസനത്തിനു പിന്നാലെ നിരവധി പേരാണ് കൂട്ട പലായനം നടത്തുന്നത്. ഇവർക്കു നേരെയാണ് ആക്രമണമുണ്ടായതെന്നു പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒഴിഞ്ഞു പോകുന്നവർക്കു നേരെയാണ് ആക്രമണമെന്നു ഹമാസ് കുറ്റപ്പെടുത്തി. പലായനം ചെയ്യുന്നവർക്കു നേരെയാണ് ആക്രമണുണ്ടായതെന്നും ഹമാസ് വ്യക്തമാക്കി. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നും ഹമാസ് പറയുന്നു. ഇതോടെ ഗാസയിൽ മാത്രം മരിച്ചവരുടെ എണ്ണം 1900 കടന്നു. അതിനിടെ ബന്ദികളായവർക്കായി ഗാസയിൽ പരിശോധന നടത്തിയതായി ഇസ്രയേൽ വ്യക്തമാക്കി.
കാറുകളിൽ വസ്ത്രങ്ങളും കിടക്കകളും ഉൾപ്പെടെയുള്ള വസ്തുക്കളുമായി വീടുപേക്ഷിച്ച് പോകുന്ന പലസ്തീൻകാരുടെ വീഡിയോകൾ എക്സിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇത് വടക്കൻ ഗാസയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് വിവരം.
കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇസ്രയേൽ ഗാസ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നത്.
കാറുകളിലും മോട്ടോർ ബൈക്കുകളിലും ട്രക്കുകളിലും കാൽനടയായുമാണ് വടക്കൻ ഗാസയിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നത്. ഗാസയിലെ ജനങ്ങൾക്ക് ഇസ്രയേൽ സൈന്യം ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ നിരവധി പേർ ഗാസയിൽ നിന്ന് പലായനം ചെയ്യാൻ ആരംഭിച്ചിരുന്നു.
ഗാസയിലെ ജനങ്ങൾ വീടുപേക്ഷിച്ച് പോകരുതെന്ന് ഹമാസ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേൽ സൈന്യത്തിന്റെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് വ്യാജ പ്രചാരമാണെന്ന് വ്യക്തമാക്കി ഹമാസ് മുന്നോട്ടു വന്നിരുന്നു.